News & Archives

ആരോഗ്യപരിരക്ഷ: സ്വകാര്യ മേഖലയുടെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി
Date : 12 Dec 2016
Author : KJH // Category : Health Care

പെരുമ്പിള്ളി നാട്ടിലെ സാധാരണക്കാര്‍ക്ക് ലോകനിലവാരത്തിലുള്ള ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സ്വകാര്യ മേഖലയുടെ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി മുന്നോട്ടുവരുന്ന സ്ഥാപനങ്ങള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്‍കുമെന്നും പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയുടെ 15-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് ഏറ്റവും മുന്തിയ പരിഗണനാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ലോകോത്തരമായ ചികിത്സാസൗകര്യങ്ങള്‍ ഗ്രാമങ്ങളില്‍പ്പോലും ലഭ്യമാവുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ട്.

എന്നാല്‍, സമൂഹത്തിലെ എല്ലാവര്‍ക്കും അത് ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. അക്കാര്യത്തിലാണ് സര്‍ക്കാരിന് സ്വകാര്യ മേഖലയുടെ പിന്തുണയും സഹായവും ആവശ്യമുള്ളതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ നത്തുന്ന ശ്രമങ്ങളും പാവപ്പെട്ടവരെ മുന്നില്‍കണ്ടുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ: ഫ്രാന്‍സീസ്സ കല്ലറക്കല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷികത്തോടനുബന്ധിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെയും മെഡിക്കല്‍ ക്യാമ്പുകളുടെയും മാനുവല്‍ വികാരി ജനറല്‍ ഫാ. ജോസഫ് പടിയാരംപറമ്പില്‍ പ്രകാശനം ചെയ്തു.

അത്യാഹിത വിഭാഗത്തിന്റെ ആധുനികവല്‍കരണ നിര്‍മാണ ഉദ്ഘാടനം കെ. വി. തോമസ് എം.പി.യും പെയിന്റ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം എസ്. ശര്‍മ്മ എം.എല്‍.എ.യും ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ലൂഡി ലൂയീസ് എം.എല്‍.എ.യും നിര്‍വഹിച്ചു.

ഫെറോന വികാരി ഫാ. ജസ്റ്റിന്‍ ആട്ടുള്ളില്‍, ഫാ. എബിജിന്‍ അറയ്ക്കല്‍. ജൂഡ് പുളിക്കല്‍, പഞ്ചായദ്ദംഗം ഡെയ്‌സി, മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അനീഷ്, ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത്, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു പണ്ടാരപ്പറമ്പില്‍ തുടങ്ങിവരും സന്നിഹിതരായിരുന്നു.